2008, മാർച്ച് 22, ശനിയാഴ്‌ച

തെയ്യത്തിന്റെ ഉല്പത്തി കഥ

വിശ്വാസികള്‍ക്ക് ദുരിതനിവാരണത്തിനുള്ള ഉപാധിയും കലാസ്വാദകര്‍ക്ക് ഉത്തമമായ കലയായും തട്ടകത്തില്‍ ഉറഞ്ഞാടുന്ന തെയ്യാട്ടത്തിന്റെ ആദിമ രൂപം സംഘകാല കലാരൂപമായ വേലന്‍ വെറിയാട്ടമാണെന്നാണ് പുതിയ തിരിച്ചറിവ്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ 'ചിലപ്പതികാരത്തി'ലാണ് കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. അശാസ്ത്രീയമായ രീതിയിലല്‍ ദൃശ്യവത്കരിച്ചിരുന്ന നടപ്പുശീലങ്ങളിലല്‍ നിന്നു മാറ്റി പുതിയ രൂപവും ഭാവവും നല്കി ചിട്ടപ്പെടുത്തിയത് ശ്രീ വല്ലഭന്‍ കോലത്തിരിയും മണക്കാടന്‍ ഗുരുക്കളുമാണെന്നു വിശ്വസിക്കപ്പെടുന്നു.


കലകളില്‍ പ്രാവീണ്യം നേടിയ മഹാമന്ത്രവാദിയായ കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തിലെ മണക്കാടന്‍ ഗുരുക്കളെപ്പറ്റി കേട്ടറിഞ്ഞ വല്ലഭന്‍ കോലത്തിരി അദ്ദേഹത്തെ ചിറക്കല്‍ കോവിലകത്തേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളില്‍ സംശയം ഉണ്ടായിരുന്നു. ചില തന്ത്രങ്ങളിലൂടെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വളപട്ടണം കടവില്‍ നിന്നും തന്ത്രത്തില്‍ തോണിയെ മാറ്റിയപ്പോള്‍ മണക്കാടന്‍ ഗുരുക്കള്‍ മറക്കുട തോണിയാക്കി പുഴ കടന്നു. ഭക്ഷണം പാത്രത്തില്‍ വിളമ്പിയപ്പോള്‍ പാത്രം കഴുകുന്നതു അഭിമാനക്ഷതമായിക്കണ്ട ഗുരുക്കള്‍ കൂവളത്തിലയില്‍ ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. ചൂടുള്ള ഭക്ഷണം ഇലയില്‍ വിളമ്പിയപ്പോള്‍ ഇല വേകുകയും ആ ഇല തന്നെ ഭക്ഷണമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവില്‍ മതിപ്പു തോന്നിയ കോലത്തിരി തന്റെ ഇംഗിതം അറിയിക്കുകയും ഒറ്റ രാത്രികൊണ്ടു 'ഒന്നു കുറെ നാല്പത്' (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള്‍ ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന്‍ ഗുരുക്കള്‍ തെയ്യം കലയുടെ പിതാവായി.

അവലംബം: കരിവെള്ളൂരിന്റെ ഇന്നലെകള്‍ (കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ചരിത്രം) കേരള വികസന പദ്ധതി 2004-05

2008, മാർച്ച് 6, വ്യാഴാഴ്‌ച

പുറപ്പാട് (അഥവാ തെയ്യത്തിനൊരു ആമുഖം)

ഉത്തരകേരളത്തിന്റെ നാടോടി കലാപാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ തഴച്ചുതെഴുത്ത അതിശക്തമായ ഒരു കലാരൂപമാണു തെയ്യം. ദൈവത്തിന്റെ തദ്ഭവ പദം തന്നെയാണു 'തെയ്യം'. കാര്‍ഷികബന്ധിയായ ജീവിതത്തിന്റെയും ആചാരനിഷ്ഠകളുടെയും മൂര്‍ത്ത രൂപമായിട്ടാണു തെയ്യം പിറവിയെടുത്തിട്ടുള്ളത്. ഭക്തമാനസങ്ങളുടെ സങ്കടക്കണ്ണീരൊപ്പാന്‍ ഗ്രാമത്തിരുവരങ്ങില്‍ തെയ്യം ഉറഞ്ഞാടുന്നു. വിശ്വാസികളുടെ വേദനകളെ അരിയും കുറിയുമെറിഞ്ഞ് ഗുണം വരുത്തുന്നു. കന്നിനും കുന്നിനും സന്തതിപരമ്പരകള്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കൈവരാനായാണ് ഉല്പത്തിക്കഥയിലെ വാമൊഴിയെ അന്വര്‍ഥമാക്കിക്കൊണ്ട് തെയ്യങ്ങള്‍ നാട്ടരങ്ങില്‍ നിറഞ്ഞാടുന്നത്. മനമുരുകിവിളിക്കുന്നവര്‍ക്ക് ഇഷ്ടവരപ്രസാദിയായും ആസ്വാദകന് ഉദാത്തമായ കലാഭാവമായും വ്യക്തിയധിഷ്ഠിത ചോദനകളെ യഥാവിധി തൃപ്തിപ്പെടുത്താനും തെയ്യാട്ടത്തിനു സാധിക്കുന്നുണ്ട്.

ഐശ്വര്യം തരുന്നതോടൊപ്പം നാടുകാത്തും, വിളകാത്തും, രോഗമകറ്റിയും തെയ്യങ്ങള്‍ നാടിന്റെ നാഡീമിടിപ്പുകളായി പരിണമിക്കുന്നു.


കടപ്പാട്: വത്സന്‍ പിലിക്കോട്. (ചൊവ്വറ്)

PS:
കോലക്കാരന്‍ മാത്രമായാല്‍ തെയ്യമാവില്ലല്ലൊ...
കൂടെ ചെണ്ടക്കാരും അകമ്പടിയും ഒക്കെ വേണം...
അതുകൊണ്ട്‌ ടിയാനെ ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിച്ചു.