2008, മേയ് 24, ശനിയാഴ്‌ച

വേലന്‍ വെറിയാട്ടം : തെയ്യത്തിന്റെ പൂര്‍വ രൂപം

തെയ്യത്തിന്റെ പ്രാഥമിക രൂപം വേലന്‍ വെറിയാട്ടമാണെന്ന് കഴിഞ്ഞ പൊസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലൊ... അതെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക്...

ഒരു കല എന്ന നിലയില്‍ വേലന്‍ വെറിയാട്ടത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ലെങ്കിലും അഗ്നിയെ അടിസ്ഥാനപ്പെടുത്തി ഈ പേരില്‍ സംഘകാലത്ത് അനുഷ്ഠാന നൃത്തങ്ങള്‍ നടന്നുവന്നിരുന്നതായി സംഘകാല സാഹിത്യ കൃതികളില്‍ സൂചനയുണ്ട്. പ്രകൃതിജന്യ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട വ്യക്തികള്‍ വിശ്വാസത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ആടിയിരുന്ന ആട്ടമത്രെ ഇത്. തെയ്യാട്ടത്തിലും ചമയങ്ങളിലും മുഖത്തെഴുത്തിലുമെല്ലാം തീര്‍ത്തും പ്രകൃതിജന്യമായ വസ്തുക്കളാണു കാണനാകുന്നത്. മുഖത്തെഴുത്തിന്‌ ചായില്യം, മനയോല, തിരിമഷി, അന്‍ജ്ജനം, ചുണ്ണാമ്പ് തുടങ്ങിയ പ്രകൃതിജന്യമായ വസ്തുക്കളാണ്‌ ഇപ്പോഴും ഉപയോഗിക്കുന്നത്. ചമയങ്ങളും ഏതാണ്ട് കുരുത്തോലയില്‍ തീര്‍ത്തതാണ്‌. വിശ്വാസവഴികളില്‍ ഉപാസനാമൂര്‍ത്തികളുടെ പ്രതിപുരുഷന്മാര്‍ നാട്ടുവഴക്കപ്രകാരം ദൈവഹിതത്തിനൊത്ത് ഉറഞ്ഞാടി വിശ്വാസികള്‍ക്ക് അഭയമരുളുകയാണെന്ന പഴയ ചിട്ടയില്‍നിന്ന് തെയ്യാട്ടത്തില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാലത്തിനൊത്ത ചില്ലറ പരിഷ്കാരങ്ങള്‍ അവിടെയും ഇവിടെയും ഒക്കെ കാണുമെന്നു മാത്രം. നാടോടിത്തനിമ നിലനിര്‍ത്തുന്ന കലാരൂപങ്ങളുടെ കരചരണവിന്യാസങ്ങള്‍ താണ്ഡവപ്രധാനവും ഉദ്ധതവുമാണ്‌. അഗ്നിയെ സാക്ഷിനിര്‍ത്തിയുള്ള ഇത്തരം അനുഷ്ഠാനനൃത്തങ്ങള്‍ വലിയ മാനസിക പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന പഴയ തിരിച്ചറിവ് തന്നെയാണ്‍്‌ ഇന്നും തെയ്യം കലാരംഗം പിന്തുടര്‍ന്ന് പോരുന്നത്. (കൃത്രിമവെളിച്ചമില്ലാതെ തെയ്യക്കോലത്തെ ദര്‍ശിക്കുമ്പോള്‍ ആ കോലത്തിന്റെ സൊഉന്ദര്യം പതിന്മടങ്ങ് വര്‍ധിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തും). ഇരുട്ടിനെ കീറിമുറിച്ചുകൊണ്‍ട് ഓലച്ചൂട്ടുകളുടെ പ്രകൃതിജന്യമായ ദീപശോഭയില്‍ കൂടിനിന്നവരുടെ ദുരിതവും കണ്ണീരുമെല്ലാം നിശ്ശേഷം മാറ്റി ദൈവസങ്കല്പത്തില്‍ ഉറഞ്ഞാടുന്ന ഇന്നത്തെ തെയ്യക്കാരന്‍ ഏതുനിലയ്ക്കു നൊക്കിയാലും സംഘകാലത്തെ അനുഷ്ഠാനനൃത്തത്തെ അനുസ്മരിപ്പിക്കുന്നു എന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വല്ലഭന്‍ കോലത്തിരി തന്റെ മനസ്സിലുള്ള കൊലസ്വരൂപങ്ങള്‍ മണക്കാടന്‍ ഗുരുക്കളോട് ഉണര്‍ത്തിച്ചപ്പോള്‍ അവരുടെ മനസ്സില്‍ വേലന്‍ വെറിയാട്ടം കടന്നുപോയിട്ടുണ്ടാകണം. ചുരുക്കത്തില്‍ വേലന്‍ വെറിയാട്ടം കാലാന്തരത്തില്‍ തെയ്യാട്ടമായിത്തീര്‍ന്നു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.