2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച

അമ്മദൈവങ്ങള്‍

തെയ്യം കലയുടെ ആധാരശിലയായി വര്‍ത്തിക്കുന്ന തോറ്റം പാട്ടുകളില്‍ ഒട്ടേറെ ദൈവങ്ങളും ഉപദൈവങ്ങളും കടന്നുവരുന്നുണ്ട്. ഇതില്‍തന്നെ ഒട്ടുമുക്കാലും സ്ത്രീദേവതകളാണ്. അമ്മദൈവങ്ങള്‍, ഗ്രാമദേവതകള്‍, രോഗദേവതകള്‍, മരക്കലദേവതകള്‍, നായാട്ടുദേവതകള്‍, മന്ത്രമൂര്‍ത്തികള്‍, പരേതരായ വീരന്മാര്‍, മൃഗദേവതകള്‍, ഇതിഹാസകഥാപാത്രങ്ങള്‍, പൂര്‍വ്വികന്മാര്‍, ഉര്‍വ്വരദേവതകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് തെയ്യം കലയില്‍ പരാമര്‍ശിക്കുന്ന ദൈവങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അമ്മദൈവങ്ങളെ ആരാധിക്കുന്നതിന് മനുഷ്യന്റെ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തങ്ങളുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനും പ്രതീക്ഷയോടുകൂടി പുതിയ ജീവിതത്തിലെക്ക് കാലെടുത്തുവയ്ക്കാനും സഹായിക്കുന്ന ദേവതകളാണു അമ്മദൈവങ്ങളെന്ന് അറിയപ്പെടുന്നത്. ഓരോ ഗ്രാമത്തിനും മാതൃസ്ഥാനത്ത് ഒരു ദേവത കാണും. പോതി (ഭഗവതി), അച്ചി എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അമ്മദൈവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത് കോലസ്വരൂപത്തിങ്കല്‍ തായി ശ്രീ തിരുവര്‍ക്കാട്ട് ഭഗവതിയാണ്. ദാരികാന്തകയായ കാളിക്ക് തിരുവര്‍ക്കാട്ടില്‍ മൂലസ്ഥാനം കല്പിച്ചതുമുതലാണ് ഭഗവതി കോലസ്വരൂപത്തിങ്കല്‍ തായി ആയത്. ഓരോ ഗ്രാമത്തിനും അധീശദേവതയായിവരുന്ന പരദേവതമാര്‍ക്ക് നേരിട്ടോ അല്ലാതെയോ കാളിയുമായി ബന്ധമുണ്ട്. ഒരു മുഖ്യമായ കഥ പ്രാദേശികഭേദങ്ങളോടെ പ്രയോഗിച്ചുവന്നതില്‍നിന്നുമാണ്‌ ഈ വ്യത്യാസം ഉടലെടുത്തിട്ടുള്ളത്. പണ്ടുകാലത്ത് ഗ്രാമങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എല്ലാ പ്രദേശങ്ങളിലും ആരാധനയുടെ സജീവതയെ ഉയര്‍ത്തിക്കാട്ടുമാറ് ഗ്രാമദേവതകള്‍ നിലകൊണ്ടിരുന്നു. മറ്റു ദൈവങ്ങള്‍ ചില ഉപകഥകളിലൂടെ അമ്മയായി ആരാധിക്കുന്ന ഗ്രാമദേവതയുമായി ബന്ധം സ്ഥാപിച്ചവരായിരിക്കും.

തെയ്യം കലയുടെ മുഖ്യതട്ടകമായ കണ്ണൂര്‍, കാസറകോഡ് ജില്ലകളില്‍ അമ്മദൈവങ്ങളായി കെട്ടിയാടിക്കാറുള്ള തെയ്യക്കോലങ്ങളുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാസര്‍കോഡ്

തുളുര്‍വനത്തുഭഗവതി (തുളുര്‍വനം)

മുളവന്നൂര്‍ഭഗവതി (കാസര്‍കോഡ്)

കല്ലിയോട്ടുഭഗവതി (കല്ലിയോട്ട്)

കരിയാപ്പില്‍ഭഗവതി (ചീമേനി)

കമ്മാടത്ത്‌ഭഗവതി (കമ്മാടം)

നീലമംഗലത്തുഭഗവതി (തുരുത്തി)

കരക്കയില്‍ഭഗവതി (പിലിക്കോട്)

കോതോളിഭഗവതി (പിലിക്കോട്)

വേങ്ങക്കോട്ടുഭഗവതി (പിലിക്കോട്)

ചെമ്പിലോട്ടുഭഗവതി (ചന്തേര)

എരിഞ്ഞിക്കീല്‍ഭഗവതി (തൃക്കരിപ്പൂര്‍)

പടക്കത്തിഭഗവതി (തൃക്കരിപ്പൂര്‍)

കണ്ണമംഗലത്തുഭഗവതി (തൃക്കരിപ്പൂര്‍)

പുതിയപറമ്പത്തുഭഗവതി (തൃക്കരിപ്പൂര്‍)

മഞ്ഞച്ചേരിഭഗവതി (തൃക്കരിപ്പൂര്‍)

ഇളമ്പച്ചിഭഗവതി (ഇളമ്പച്ചി)

കണ്ണൂര്‍

വെരീക്കരഭഗവതി (കൊഴുമ്മല്‍)

നെല്ലിയോട്ടുഭഗവതി (കൊഴുമ്മല്‍)

മുച്ചിലോട്ടുഭഗവതി (കരിവെള്ളൂര്‍)

കാപ്പാട്ടുഭഗവതി (പയ്യന്നൂര്‍)

അഷ്ടമച്ചാല്‍ഭഗവതി (പയ്യന്നൂര്‍)

കുഞ്ഞിക്കണ്ണങ്ങാട്ടുഭഗവതി (പയ്യന്നൂര്‍)

നീലിയാര്‍കോട്ടത്തുഭഗവതി (കുഞ്ഞിമംഗലം)

ഇടച്ചിറഭഗവതി (തിമിരി)

എട്ടിക്കുളത്തുഭഗവതി (എട്ടിക്കുളം)

മഠത്തില്‍ഭഗവതി (ചെറുതാഴം)

കളരിയാല്‍ഭഗവതി (വളപട്ടണം)

ഇതിനു പുറമെ പല ഗ്രാമങ്ങളിലും ഇതിനകം പ്രാദേശികമായ പേരുകള്‍ സൂചിപ്പിക്കുന്ന നിലയില്‍ തായിപ്പരദേവതമാരെ കണ്ടുവരുന്നുണ്ട്.

2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഒന്നു കുറെ നാല്പത്

കോലസ്വരൂപത്തിന്റെയും അള്ളടസ്വരൂപത്തിന്റെയും കലാസംസ്കാരത്തിന്റെ അന്തസ്സത്തയായി വാഴ്ത്തപ്പെടുന്നവയാണ്‌ 'ഒന്നു കുറെ നാല്പത്' ദൈവങ്ങള്‍. കോലത്തുനാട്ടിലെ പ്രഗത്ഭനായ വല്ലഭന്‍ കോലത്തിരിയുടെ സ്വപ്നദ്രുഷ്ടിയില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങളെ കളിയാടിച്ച് പ്രശസ്തനായ തെയ്യം കലയുടെ കുലാധികാരി മണക്കാടന്‍ ഗുരുക്കളുടെ പേരുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രയോഗം നിലനില്‍ക്കുന്നത്. തെയ്യക്കോലങ്ങള്‍ തട്ടകത്തില്‍ അണയുന്നതിനു മുന്നോടിയായി രംഗത്തുവരുന്ന തോറ്റം പാട്ടുകളില്‍ പലതിലും 'ഒന്നു കുറെ നാല്പത്' ദൈവങ്ങളെക്കുറിച്ച് പരാമ൪ശമുണ്ട്.


കുണ്ടോറച്ചാമുണ്ടിത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതിനെയും തോറ്റിച്ചമച്ചാന്‍
ശ്രീമഹാദേവന്‍ തിരുവടി നല്ലച്ചന്‍'
എന്നും പാണന്മാരുടെ വസൂരിമാലത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതുമേ വാണാക്കന്മാരെ'
എന്നും ഭദ്രകാളിത്തോറ്റത്തില്‍ പറയുന്ന
'ഒന്നു കുറെ നാല്പതുമേ കൂടെയുള്ളാള്‌'
എന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ ഈ വാദം ശരിവെക്കുന്നു.


എന്നാല്‍ ഇന്നത്തെ തെയ്യം കലാവതരണത്തില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെട്ടു കാണുന്നില്ല. പകരം പീഠവഴക്കപ്പുരാവ്രുത്തപ്രകഅരമുള്ള മുപ്പത്തൈവര്‌ ദൈവക്കോലങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളുമാണ്‌ തെയ്യങ്ങളായി കെട്ടിയാടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നത്.


തെയ്യം കല ദ്രുശ്യവല്‍ക്കരിക്കുന്ന നേരങ്ങളില്‍ ഉരുവിടാറുള്ള ശ്ലോകങ്ങളില്‍ നിന്നും ആ പേരുകള്‍ ലഭ്യവുമാണ്‌.


"മുമ്പിനാല്‍ തമ്പുരാന്‍ ബന്ത്രക്കോലപ്പന്‍, തായിപ്പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി, വയത്തൂര്‌ കാലിയാറ്, കീഴൂര്‌ ശാസ്താവ്, കീഴൂര്‌ വൈരജാതന്‍, മടിയന്‍ ക്ഷേത്രപാലന്‍, വീരഭദ്രന്‍, മഹാഗണപതി, യക്ഷന്‍, യക്ഷി, കുക്ഷിശാസ്തന്‍, ഊര്‍പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍, ഇളംകരുമകന്‍, പൂത്രുവാടി, ബമ്മുരിക്കന്‍, കരിമുരിക്കന്‍, തെക്കന്‍ കരിയാത്തന്‍, വയനാട്ടു കുലവന്‍, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, വീരര്‍കാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, രക്തച്ചാമുണ്ഡി, ഉച്ചിട്ട, കരിവാള്‌, കണ്ഠകര്‍ണ്ണന്‍, വീരന്‍" എന്നിങ്ങനെയാണ്‌ മുപ്പത്തൈവര്‌ കോലങ്ങള്‍. ഇവ തെയ്യം അരുളപ്പാടില്‍ കേള്‍ക്കാവുന്ന പരാമര്‍ശമാണ്‌. ഇതില്‍ത്തന്നെ ബന്ത്രക്കോലപ്പന്‍, കീഴൂര്‌ ശാസ്താവ് എന്നീ തെയ്യങ്ങള്‍ക്ക് കെട്ടിക്കോലമില്ല. മഹാഗണപതിക്ക് ചിറക്കല്‍ കോവിലകത്ത് കെട്ടിക്കോലം ഉണ്ടായിരുന്നു എന്ന് ഡോ. എം. വി. വിഷ്ണുനമ്പൂതിരിയെപ്പോലുള്ള നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.


ആരാധനയില്‍ പിന്തുടരുന്ന ശൈവ - വൈഷ്ണവ ഭേദങ്ങളാണ്‌ പീഠവഴക്കപ്പുരാവ്റുത്തപ്രകാരമുള്ള മുപ്പത്തൈവരില്‍ മൂന്നു കോലങ്ങള്‍ക്ക് ഇന്ന് കെട്ടിക്കോലമില്ലാത്തതിന്റെ കാരണങ്ങളായി നിരീക്ഷിക്കുന്നത്. ശ്രീപരശുരാമനാല്‍ നാല് സ്വരൂപങ്ങള്‍ക്കായി കല്പിച്ച ഐമ്പാടി ചിത്രപീഠം, കുമ്പള ചിത്രപീഠം, മടിയന്‍ ചിത്രപീഠം, പള്ളിച്ചിത്രപീഠം എന്നിവയില്‍ പള്ളിച്ചിത്രപീഠത്തെ അംശിച്ച് മുപ്പത്താറ് മരപ്പീഠങ്ങള്‍ ഉണ്ടാക്കി അതില്‍ മുപ്പത്തൈവര്‌ ദൈവങ്ങളെ കുടിയിരുത്തി എന്നുമാണ്‌ ഐതിഹ്യം.