2011, ജൂലൈ 10, ഞായറാഴ്‌ച

രോഗദേവതകള്‍

"രോഗവും നീയേ ശമനവും നീയേ"


പൗരണിക കാലത്ത് മനുഷ്യന്‍ ഭയപ്പെട്ടിരുന്ന ചില രോഗങ്ങളുണ്ടയിരുന്നു.  വസൂരി, കുരിപ്പ് എന്നിവയായിരുന്നു ഇതില്‍ പ്രധാനം. ഇവയെ ഒരു കാരണവശാലും കീഴ്പ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് ഇത്തരം രോഗങ്ങളെ ദൈവകോപമായി പരിഗണിക്കുകയും, പ്രസ്തുത രോഗങ്ങളുമായി ചേര്‍ത്തു പറയുന്ന ദേവതകള്‍ രോഗശാന്തിയേകുന്നുവെന്നുമാണു വിശ്വാസം. ഇതില്‍ ഏറ്റവും പ്രധാനം കുറുമ്പയെന്ന് പുകഴ്പെറ്റ ശ്രീചീറുമ്പയാണ്‌. ഉത്തരകേരളത്തില്‍ ആശാരി, മുക്കുവന്‍, തീയ്യന്‍ എന്നീ ജാതികളുടെ പ്രാധാന ആരാധനാമൂര്‍ത്തിയാണ്‌ ശ്രീ ചീറുമ്പ.

ശ്രീ മഹാദേവന്‍ നല്ലച്ചന്‍ ത്രുക്കണ്‍ പൊടിച്ചുണ്‍ടായ മൂത്തവളും ഇളയവളും നാട്ടില്‍ മഹാമാരിയും നട്ടക്കുരിപ്പും വാരിവിതറി. പിന്നീട് ഇവയെ തട്ടിയകറ്റുന്നതിനായി ദണ്ഡന്‍, ഘണ്ടാകര്‍ണ്ണന്‍ എന്നിവരെയും സ്രഷ്ടിച്ച് ചീറുമ്പ നാല്‍വരായി മണ്ണിലേക്കയച്ചു എന്നാണ്‌ വിശ്വാസം. ചീറുമ്പ പുരാവ്രുത്തത്തില്‍ പരാമര്‍ശിക്കുന്നതുപോലെ നാലുപേര്‍ ചേരുന്നതാണ് ഈ ദൈവസങ്കല്പമെന്നതിനാലും, കോലസ്വരൂപത്തില്‍ കാണാന്‍ മനുഷ്യക്കുരുതി നിര്‍ബന്ധമാണെന്നതിനാലും കുറുമ്പയുടെ തെയ്യക്കോലം കെട്ടിയാടുക പതിവില്ല.

ചീറുമ്പയുടെ സങ്കല്പത്തിലുള്ള ക്ഷേത്രേശന്മാര്‍ (വെളിച്ചപ്പാടുകള്‍) തിരുവായുധം കയ്യേറ്റിനില്‍ക്കുമ്പോള്‍ അവര്‍ക്ക് ആരാധനാപൂര്‍വ്വം നല്‍കേണ്ടത് കുരുമുളകും മഞ്ഞളുമാണെന്നത് രോഗദേവതകളെ ആരാധിക്കുന്നതില്‍ ചില ശാസ്ത്രീയതകള്‍ കണ്ടെത്താന്‍ പൗരാണികര്‍ക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവായി വായിക്കപ്പെടാവുന്നതാണ്‌.


പരമേശ്വരനാല്‍ സ്രുഷ്ടിക്കപ്പെട്ട പുതിയഭഗവതി, തൂവക്കാളി, തൂവക്കാരന്‍ (ഒരേ കോലത്തിനുള്ള പ്രാദേശികനാമഭേദങ്ങള്‍ മാത്രമാണ്‌ തൂവക്കാരനും തൂവക്കാളിയും) തുടങ്ങിയ രോഗദേവതകളാണ്‌ കെട്ടിക്കോലമുള്ളവര്‍.

രോഗം വിതക്കുന്നത് ദൈവകോപമാണെന്ന് ചിന്തിക്കുന്നതുപോലെത്തന്നെ വസൂരി പോലുള്ള രോഗം ബാധിച്ച് മരിച്ച് ഭണ്ഡാരമൂര്‍ത്തികളായി മാറിയവരെ വിശേഷപ്പെട്ട നിലയില്‍ ആരാധിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടര്‍ന്നുവരുന്നു. വസൂരി ബാധിച്ച് മരണമടയുന്നവരെ പണ്ടുകാലങ്ങളില്‍ പടിഞ്ഞാറ്റയ്ക്കകത്ത് അടക്കം ചെയ്യുകയാണ് പതിവ്. പിന്നീട് തൊട്ടടുത്ത ഭൂതാലയത്തില്‍നിന്നും (അബ്രാഹ്മണനാല്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപെടുന്ന  ആരാധനാകേന്ദ്രം) ഏളത്ത് (എഴുന്നള്ളത്ത്) പിടിച്ചുവരികയും ആചാരക്രിയകളോടെ വീട്ടുപറമ്പിന്റെ തെക്കുകിഴക്കേകോണില്‍ പ്രസ്തുത ദേഹത്തെ ഭണ്ഡാരമൂര്‍ത്തി എന്ന നിലയില്‍ അടക്കി കുടിയിരുത്തുകയാണ്‌ പതിവ്. ഇങ്ങനെയുള്ള സ്തലങ്ങള്‍ ഏകദേശം അരയോളം ഉയരത്തില്‍ കല്ലുകൊണ്‍ട് കെട്ടിയുയര്‍ത്തി പ്രത്യേകം കല്‍ത്തറകളായി സംരക്ഷിച്ചിരുന്നു. ഇത്തരം തറകളില്‍ പ്രത്യേകമായി സന്ധ്യാദീപം കൊളുത്തുന്നതും പടിഞ്ഞാറ്റയില്‍ ദീപം കൊളുത്തിയ ഉടനെ ഈ ഭാഗങ്ങളിലേക്ക് പ്രത്യേകമായി വിളക്ക് കാണിക്കുന്നതും ആചാരങ്ങളില്‍ കണ്‍ട് വരുന്ന വൈവിധ്യങ്ങളാണ്‌.

ചില പ്രധാനപ്പെട്ട കുറുമ്പാ ഭഗവതി ക്ഷേത്രങ്ങള്‍:

കാസറഗോഡ്

അജാന്നൂര്‍ (മുക്കുവ)
പാലക്കുന്ന് കഴകം (തീയ്യ)
കോട്ടിക്കുളം കുറുമ്പാ ഭഗവതി (മുക്കുവ)
നെല്ലിക്കുന്ന് കടപ്പുറം കുറുമ്പാ ഭഗവതി (മുക്കുവ) 
ബേക്കലം കുറുമ്പാ ഭഗവതി (മുക്കുവ)
കൊയോങ്കര കുറുമ്പാ ഭഗവതി (ആശാരി)
ചെറുവത്തൂര്‍ വടക്കുമ്പാട് (ആശാരി)
പിലിക്കോട് ചീര്‍മ്മക്കവ് (ആശാരി)
തൈക്കടപ്പുറം കുറുമ്പാ ഭഗവതി (മുക്കുവ)
മടിക്കൈ (ആശാരി)

കണ്ണൂര്‍

കണ്ടോത്ത് കുറുമ്പാ ഭഗവതി (തീയ്യ)
ഏഴോം കുറുമ്പാ ഭഗവതി (ആശാരി)
പഴയങ്ങാടി താരാപുരം കുറുമ്പാ ഭഗവതി (മുക്കുവ)