2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഒന്നു കുറെ നാല്പത്

കോലസ്വരൂപത്തിന്റെയും അള്ളടസ്വരൂപത്തിന്റെയും കലാസംസ്കാരത്തിന്റെ അന്തസ്സത്തയായി വാഴ്ത്തപ്പെടുന്നവയാണ്‌ 'ഒന്നു കുറെ നാല്പത്' ദൈവങ്ങള്‍. കോലത്തുനാട്ടിലെ പ്രഗത്ഭനായ വല്ലഭന്‍ കോലത്തിരിയുടെ സ്വപ്നദ്രുഷ്ടിയില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങളെ കളിയാടിച്ച് പ്രശസ്തനായ തെയ്യം കലയുടെ കുലാധികാരി മണക്കാടന്‍ ഗുരുക്കളുടെ പേരുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രയോഗം നിലനില്‍ക്കുന്നത്. തെയ്യക്കോലങ്ങള്‍ തട്ടകത്തില്‍ അണയുന്നതിനു മുന്നോടിയായി രംഗത്തുവരുന്ന തോറ്റം പാട്ടുകളില്‍ പലതിലും 'ഒന്നു കുറെ നാല്പത്' ദൈവങ്ങളെക്കുറിച്ച് പരാമ൪ശമുണ്ട്.


കുണ്ടോറച്ചാമുണ്ടിത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതിനെയും തോറ്റിച്ചമച്ചാന്‍
ശ്രീമഹാദേവന്‍ തിരുവടി നല്ലച്ചന്‍'
എന്നും പാണന്മാരുടെ വസൂരിമാലത്തോറ്റത്തില്‍ പ്രതിപാദിക്കുന്ന
'ഒന്നു കുറെ നാല്പതുമേ വാണാക്കന്മാരെ'
എന്നും ഭദ്രകാളിത്തോറ്റത്തില്‍ പറയുന്ന
'ഒന്നു കുറെ നാല്പതുമേ കൂടെയുള്ളാള്‌'
എന്നുമൊക്കെയുള്ള പ്രയോഗങ്ങള്‍ ഈ വാദം ശരിവെക്കുന്നു.


എന്നാല്‍ ഇന്നത്തെ തെയ്യം കലാവതരണത്തില്‍ ഒന്നു കുറെ നാല്പത് തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെട്ടു കാണുന്നില്ല. പകരം പീഠവഴക്കപ്പുരാവ്രുത്തപ്രകഅരമുള്ള മുപ്പത്തൈവര്‌ ദൈവക്കോലങ്ങളും അവയുടെ അവാന്തരവിഭാഗങ്ങളുമാണ്‌ തെയ്യങ്ങളായി കെട്ടിയാടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നത്.


തെയ്യം കല ദ്രുശ്യവല്‍ക്കരിക്കുന്ന നേരങ്ങളില്‍ ഉരുവിടാറുള്ള ശ്ലോകങ്ങളില്‍ നിന്നും ആ പേരുകള്‍ ലഭ്യവുമാണ്‌.


"മുമ്പിനാല്‍ തമ്പുരാന്‍ ബന്ത്രക്കോലപ്പന്‍, തായിപ്പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റി, വയത്തൂര്‌ കാലിയാറ്, കീഴൂര്‌ ശാസ്താവ്, കീഴൂര്‌ വൈരജാതന്‍, മടിയന്‍ ക്ഷേത്രപാലന്‍, വീരഭദ്രന്‍, മഹാഗണപതി, യക്ഷന്‍, യക്ഷി, കുക്ഷിശാസ്തന്‍, ഊര്‍പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍, ഇളംകരുമകന്‍, പൂത്രുവാടി, ബമ്മുരിക്കന്‍, കരിമുരിക്കന്‍, തെക്കന്‍ കരിയാത്തന്‍, വയനാട്ടു കുലവന്‍, തോട്ടുംകര ഭഗവതി, പുതിയ ഭഗവതി, വീരര്‍കാളി, ഭദ്രകാളി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, രക്തച്ചാമുണ്ഡി, ഉച്ചിട്ട, കരിവാള്‌, കണ്ഠകര്‍ണ്ണന്‍, വീരന്‍" എന്നിങ്ങനെയാണ്‌ മുപ്പത്തൈവര്‌ കോലങ്ങള്‍. ഇവ തെയ്യം അരുളപ്പാടില്‍ കേള്‍ക്കാവുന്ന പരാമര്‍ശമാണ്‌. ഇതില്‍ത്തന്നെ ബന്ത്രക്കോലപ്പന്‍, കീഴൂര്‌ ശാസ്താവ് എന്നീ തെയ്യങ്ങള്‍ക്ക് കെട്ടിക്കോലമില്ല. മഹാഗണപതിക്ക് ചിറക്കല്‍ കോവിലകത്ത് കെട്ടിക്കോലം ഉണ്ടായിരുന്നു എന്ന് ഡോ. എം. വി. വിഷ്ണുനമ്പൂതിരിയെപ്പോലുള്ള നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.


ആരാധനയില്‍ പിന്തുടരുന്ന ശൈവ - വൈഷ്ണവ ഭേദങ്ങളാണ്‌ പീഠവഴക്കപ്പുരാവ്റുത്തപ്രകാരമുള്ള മുപ്പത്തൈവരില്‍ മൂന്നു കോലങ്ങള്‍ക്ക് ഇന്ന് കെട്ടിക്കോലമില്ലാത്തതിന്റെ കാരണങ്ങളായി നിരീക്ഷിക്കുന്നത്. ശ്രീപരശുരാമനാല്‍ നാല് സ്വരൂപങ്ങള്‍ക്കായി കല്പിച്ച ഐമ്പാടി ചിത്രപീഠം, കുമ്പള ചിത്രപീഠം, മടിയന്‍ ചിത്രപീഠം, പള്ളിച്ചിത്രപീഠം എന്നിവയില്‍ പള്ളിച്ചിത്രപീഠത്തെ അംശിച്ച് മുപ്പത്താറ് മരപ്പീഠങ്ങള്‍ ഉണ്ടാക്കി അതില്‍ മുപ്പത്തൈവര്‌ ദൈവങ്ങളെ കുടിയിരുത്തി എന്നുമാണ്‌ ഐതിഹ്യം.

2 അഭിപ്രായങ്ങൾ:

പുലിക്കോടന്‍ പറഞ്ഞു...

തെയ്യത്തെക്കുറിച്ച് ...

അജ്ഞാതന്‍ പറഞ്ഞു...

സ്വാഗതം മാഷെ :)
http://perumkaliyattam.blogspot.com/