വിശ്വാസികള്‍ക്ക് ദുരിതനിവാരണത്തിനുള്ള ഉപാധിയും കലാസ്വാദകര്‍ക്ക് ഉത്തമമായ കലയായും തട്ടകത്തില്‍ ഉറഞ്ഞാടുന്ന തെയ്യാട്ടത്തിന്റെ ആദിമ രൂപം സംഘകാല കലാരൂപമായ വേലന്‍ വെറിയാട്ടമാണെന്നാണ് പുതിയ തിരിച്ചറിവ്. സംഘകാല കൃതികളില്‍ പ്രധാനമായ ഇളങ്കോവടികളുടെ 'ചിലപ്പതികാരത്തി'ലാണ് കുമരിക്കോലം, വേലന്‍ വെറിയാട്ട് തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. അശാസ്ത്രീയമായ രീതിയിലല്‍ ദൃശ്യവത്കരിച്ചിരുന്ന നടപ്പുശീലങ്ങളിലല്‍ നിന്നു മാറ്റി പുതിയ രൂപവും ഭാവവും നല്കി ചിട്ടപ്പെടുത്തിയത് ശ്രീ വല്ലഭന്‍ കോലത്തിരിയും മണക്കാടന്‍ ഗുരുക്കളുമാണെന്നു വിശ്വസിക്കപ്പെടുന്നു.
കലകളില്‍ പ്രാവീണ്യം നേടിയ മഹാമന്ത്രവാദിയായ കരിവെള്ളൂരിലെ വണ്ണാന്‍ സമുദായത്തിലെ മണക്കാടന്‍ ഗുരുക്കളെപ്പറ്റി കേട്ടറിഞ്ഞ വല്ലഭന്‍ കോലത്തിരി അദ്ദേഹത്തെ ചിറക്കല്‍ കോവിലകത്തേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളില്‍ സംശയം ഉണ്ടായിരുന്നു. ചില തന്ത്രങ്ങളിലൂടെ അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. വളപട്ടണം കടവില്‍ നിന്നും തന്ത്രത്തില്‍ തോണിയെ മാറ്റിയപ്പോള്‍ മണക്കാടന്‍ ഗുരുക്കള്‍ മറക്കുട തോണിയാക്കി പുഴ കടന്നു. ഭക്ഷണം പാത്രത്തില്‍ വിളമ്പിയപ്പോള്‍ പാത്രം കഴുകുന്നതു അഭിമാനക്ഷതമായിക്കണ്ട ഗുരുക്കള്‍ കൂവളത്തിലയില്‍ ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. ചൂടുള്ള ഭക്ഷണം ഇലയില്‍ വിളമ്പിയപ്പോള്‍ ഇല വേകുകയും ആ ഇല തന്നെ ഭക്ഷണമാക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവില്‍ മതിപ്പു തോന്നിയ കോലത്തിരി തന്റെ ഇംഗിതം അറിയിക്കുകയും ഒറ്റ രാത്രികൊണ്ടു 'ഒന്നു കുറെ നാല്പത്' (മുപ്പത്തിഒന്പത്) തെയ്യക്കോലങ്ങള്‍ ദൃശ്യവത്കരിച്ചു. അങ്ങനെ മണക്കാടന്‍ ഗുരുക്കള്‍ തെയ്യം കലയുടെ പിതാവായി.
അവലംബം: കരിവെള്ളൂരിന്റെ ഇന്നലെകള്‍ (കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിന്റെ പ്രാദേശിക ചരിത്രം) കേരള വികസന പദ്ധതി 2004-05
2008, മാര്‍ച്ച് 22, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


1 അഭിപ്രായ(ങ്ങള്‍):
തെയ്യത്തിന്റെ പിതാവിനെക്കുറിച്ച്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ